സായാഹ്ന സങ്കീർത്തനങ്ങൾ

 

സായാഹ്ന സങ്കീർത്തനങ്ങൾ

(യഹൂദ, പൗരസ്ത്യ ക്രിസ്തീയ പാരമ്പര്യം അനുസരിച്ചും ദിവസം ആരംഭിക്കുന്നത് സായാഹ്നത്തോടെയാണ്)

140

കര്‍ത്താവേ, ദുഷ്‌ടരില്‍നിന്ന്‌എന്നെ മോചിപ്പിക്കണമേ! അക്രമികളില്‍നിന്ന്‌ എന്നെ കാത്തുകൊള്ളണമേ,

അവര്‍ തിന്‍മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കിവിടുകയും ചെയ്യുന്നു.

അവര്‍ തങ്ങളുടെ നാവു സര്‍പ്പത്തിന്റെ നാവുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങള്‍ക്കു കീഴില്‍അണലിയുടെ വിഷമുണ്ട്‌.

കര്‍ത്താവേ, ദുഷ്‌ടരുടെ കൈകളില്‍നിന്ന്‌ എന്നെ കാത്തുകൊള്ളണമേ! എന്നെ വീഴിക്കാന്‍ നോക്കുന്ന അക്രമികളില്‍ നിന്ന്‌ എന്നെ രക്‌ഷിക്കണമേ!

ഗര്‍വിഷ്‌ഠര്‍ എനിക്കു കെണിവച്ചിരിക്കുന്നു; അവര്‍ എനിക്കു വല വിരിച്ചിരിക്കുന്നു: വഴിയരികില്‍ അവര്‍ എനിക്കുകുടുക്കൊരുക്കിയിരിക്കുന്നു.

കര്‍ത്താവിനോടു ഞാന്‍ പറയുന്നു:അവിടുന്നാണ്‌ എന്റെ ദൈവം; കര്‍ത്താവേ, എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ!

കര്‍ത്താവേ, എന്റെ കര്‍ത്താവേ,എന്റെ ശക്‌തനായരക്‌ഷകാ, യുദ്‌ധദിവസം അവിടുന്ന്‌എന്നെ പടത്തൊപ്പി അണിയിച്ചു.

കര്‍ത്താവേ, ദുഷ്‌ടന്റെ ആഗ്രഹങ്ങള്‍സാധിച്ചുകൊടുക്കരുതേ! അവന്റെ ദുരുപായങ്ങള്‍ സഫലമാക്കരുതേ!

എന്നെ വലയംചെയ്യുന്നവര്‍ തല ഉയര്‍ത്തുന്നു; അവരുടെ അധരങ്ങളുടെ തിന്‍മഅവരെ കീഴ്‌പെടുത്തട്ടെ!

ജ്വലിക്കുന്നതീക്കനലുകള്‍ അവരുടെമേല്‍ വീഴട്ടെ! ഒരിക്കലും എഴുന്നേല്‍ക്കാനാവാത്ത വിധം അവര്‍ കുഴിയില്‍ എറിയപ്പെടട്ടെ!

ഏഷണിക്കാരന്‍ ഭൂമിയില്‍പ്രബലനാകാതിരിക്കട്ടെ! അക്രമിയെ തിന്‍മ വേഗംവേട്ടയാടി നശിപ്പിക്കട്ടെ!

കര്‍ത്താവു പീഡിതര്‍ക്കു നീതിനടത്തിക്കൊടുക്കുമെന്നും അഗതികള്‍ക്കുന്യായം നിര്‍വഹിച്ചുകൊടുക്കുമെന്നും ഞാന്‍ അറിയുന്നു.

നീതിമാന്‍മാര്‍ അങ്ങയുടെ നാമത്തിനുനിശ്‌ചയമായും നന്‌ദിപറയും; പരമാര്‍ഥഹൃദയര്‍ അവിടുത്തെസന്നിധിയില്‍ വസിക്കും.


141


കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്‌ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്‌ക്കു ചെവിതരണമേ!

എന്റെ പ്രാര്‍ഥന അങ്ങയുടെസന്നിധിയിലെ ധൂപാര്‍ച്ചനയായും ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നതുസായാഹ്‌നബലിയായും സ്വീകരിക്കണമേ!

കര്‍ത്താവേ, എന്റെ നാവിനുകടിഞ്ഞാണിടണമേ! എന്റെ അധരകവാടത്തിനുകാവലേര്‍പ്പെടുത്തണമേ!

എന്റെ ഹൃദയം തിന്‍മയിലേക്കുചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക്‌ ഇടയാക്കരുതേ! അവരുടെ ഇഷ്‌ടവിഭവങ്ങള്‍ രുചിക്കാന്‍എനിക്ക്‌ ഇടവരുത്തരുതേ!

എന്റെ നന്‍മയ്‌ക്കുവേണ്ടിനീതിമാന്‍ എന്നെ പ്രഹരിക്കുകയോശാസിക്കുകയോ ചെയ്യട്ടെ! എന്നാല്‍, ദുഷ്‌ടരുടെ തൈലംഎന്റെ ശിരസ്‌സിനെ അഭിഷേകം ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ! എന്റെ പ്രാര്‍ഥന എപ്പോഴും അവരുടെ ദുഷ്‌പ്രവൃത്തികള്‍ക്കെതിരാണ്‌.

അവരുടെന്യായാധിപന്‍മാര്‍ പാറയില്‍നിന്നു തള്ളിവീഴ്‌ത്തപ്പെടും; അപ്പോള്‍ എന്റെ വാക്ക്‌ എത്രസൗമ്യമായിരുന്നെന്ന്‌ അവര്‍ അറിയും.

വിറകു കീറിയിട്ടിരിക്കുന്നതുപോലെഅവരുടെ അസ്‌ഥികള്‍ പാതാളവാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു.

ദൈവമായ കര്‍ത്താവേ, എന്റെ ദൃഷ്‌ടിഅങ്ങയുടെനേരേ തിരിഞ്ഞിരിക്കുന്നു; അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു.

എന്നെ നിരാധാരനായി ഉപേക്‌ഷിക്കരുതേ; അവര്‍ എനിക്കൊരുക്കിയ കെണികളില്‍നിന്നും ദുഷ്‌കര്‍മികള്‍ വിരിച്ചവലകളില്‍നിന്നും എന്നെ കാത്തുകൊള്ളണമേ!

ദുഷ്‌ടര്‍ ഒന്നടങ്കം അവരുടെതന്നെ വലകളില്‍ കുരുങ്ങട്ടെ! എന്നാല്‍, ഞാന്‍ രക്‌ഷപെടട്ടെ!


118


കര്‍ത്താവിനു കൃതജ്‌ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്‌; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.

അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്‌ ഇസ്രായേല്‍ പറയട്ടെ!

അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്‌ അഹറോന്റെ ഭവനം പറയട്ടെ!

അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന്‌ കര്‍ത്താവിന്റെ ഭക്‌തന്‍മാര്‍ പറയട്ടെ!

ദുരിതങ്ങളില്‍ അകപ്പെട്ടപ്പോള്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു; എന്റെ പ്രാര്‍ഥനകേട്ട്‌ അവിടുന്ന്‌എന്നെ മോചിപ്പിച്ചു.

കര്‍ത്താവ്‌ എന്റെ പക്‌ഷത്തുണ്ട്‌,ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന്‌ എന്നോട്‌ എന്തുചെയ്യാന്‍ കഴിയും?

എന്നെ സഹായിക്കാന്‍ കര്‍ത്താവ്‌ എന്റെ പക്‌ഷത്തുണ്ട്‌; ഞാന്‍ എന്റെ ശത്രുക്കളുടെ പതനം കാണും.

മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്‌.

പ്രഭുക്കന്‍മാരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്‌.

ജനതകള്‍ എന്നെ വലയം ചെയ്‌തു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ നശിപ്പിച്ചു.

അവരെന്നെ വലയംചെയ്‌തു;എല്ലാവശത്തുംനിന്ന്‌ അവരെന്നെ വളഞ്ഞു; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെവിച്‌ഛേദിച്ചു.

തേനീച്ചപോലെ അവരെന്നെ പൊതിഞ്ഞു; മുള്‍പ്പടര്‍പ്പിനു പിടി ച്ചതീപോലെ അവര്‍ആളിക്കത്തി; കര്‍ത്താവിന്റെ നാമത്തില്‍ ഞാനവരെ വിച്‌ഛേദിച്ചു.

അവര്‍ തള്ളിക്കയറി; ഞാന്‍ വീഴുമായിരുന്നു; എന്നാല്‍, കര്‍ത്താവ്‌ എന്റെ സഹായത്തിനെത്തി.

കര്‍ത്താവ്‌ എന്റെ ബലവും എന്റെ ഗാനവുമാണ്‌;അവിടുന്ന്‌ എനിക്കു രക്‌ഷ നല്‍കി.

ഇതാ, നീതിമാന്‍മാരുടെ കൂടാരത്തില്‍ജയഘോഷമുയരുന്നു; കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.

കര്‍ത്താവിന്റെ വലത്തുകൈമഹത്വമാര്‍ജിച്ചിരിക്കുന്നു; കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി.

ഞാന്‍ മരിക്കുകയില്ല, ജീവിക്കും;ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവ്‌ എന്നെ കഠിനമായി ശിക്‌ഷിച്ചു; എന്നാല്‍, അവിടുന്ന്‌ എന്നെമരണത്തിനേല്‍പിച്ചില്ല.

നീതിയുടെ കവാടങ്ങള്‍ എനിക്കായിതുറന്നുതരുക; ഞാന്‍ അവയിലൂടെപ്രവേശിച്ചു കര്‍ത്താവിനു നന്‌ദിപറയട്ടെ.

ഇതാണു കര്‍ത്താവിന്റെ കവാടം;നീതിമാന്‍മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു.

അവിടുന്ന്‌ എനിക്കുത്തരമരുളി; അവിടുന്ന്‌ എന്റെ പ്രാര്‍ഥന കേട്ട്‌ എന്നെ രക്‌ഷിച്ചു; ഞാന്‍ അവിടുത്തേക്കു നന്‌ദിപറയും.

പണിക്കാര്‍ ഉപേക്‌ഷിച്ചുകളഞ്ഞകല്ല്‌മൂലക്കല്ലായിത്തീര്‍ന്നു.

ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്‌; ഇതു നമ്മുടെ ദൃഷ്‌ടിയില്‍വിസ്‌മയാവഹമായിരിക്കുന്നു.

കര്‍ത്താവ്‌ ഒരുക്കിയ ദിവസമാണിന്ന്‌; ഇന്നു സന്തോഷിച്ചുല്ലസിക്കാം.

കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്‌അപേക്‌ഷിക്കുന്നു, ഞങ്ങളെ രക്‌ഷിക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട്‌അപേക്‌ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ!

കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍; ഞങ്ങള്‍ കര്‍ത്താവിന്റെ ആലയത്തില്‍ നിന്നു നിങ്ങളെ ആശീര്‍വദിക്കും.

കര്‍ത്താവാണു ദൈവം; അവിടുന്നാണു നമുക്കു പ്രകാശം നല്‍കിയത്‌; മരച്ചില്ലകളേന്തി പ്രദക്‌ഷിണം തുടങ്ങുവിന്‍; ബലിപീഠത്തിങ്കലേക്കു നീങ്ങുവിന്‍.

അങ്ങാണ്‌ എന്റെ ദൈവം; ഞാന്‍ അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കും; അവിടുന്നാണ്‌ എന്റെ ദൈവം;ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തും.

കര്‍ത്താവിനു കൃതജ്‌ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്‌; അവിടുത്തെകാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.


105

കര്‍ത്താവിനു കൃതജ്‌ഞത അര്‍പ്പിക്കുവിന്‍; അവിടുത്തെനാമം വിളിച്ചപേക്‌ഷിക്കുവിന്‍; അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്‌ഘോഷിക്കുവിന്‍.

അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്‌തുതിഗീതങ്ങള്‍ ആലപിക്കുവിന്‍; അവിടുത്തെ അദ്‌ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.

അവിടുത്തെ വിശുദ്‌ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ!

കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.

അവിടുന്നു ചെയ്‌ത വിസ്‌മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍; അവിടുത്തെ അദ്‌ഭുതങ്ങളെയുംന്യായവിധികളെയുംതന്നെ.

അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ, ഓര്‍മിക്കുവിന്‍.

അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്‌; അവിടുത്തെന്യായവിധികള്‍ ഭൂമിക്കുമുഴുവന്‍ ബാധകമാകുന്നു.

അവിടുന്നു തന്റെ ഉടമ്പടിഎന്നേക്കും അനുസ്‌മരിക്കും; തന്റെ വാഗ്‌ദാനം തലമുറകള്‍വരെ ഓര്‍മിക്കും.

അബ്രാഹത്തോടു ചെയ്‌ത ഉടമ്പടി, ഇസഹാക്കിനു ശപഥപൂര്‍വംനല്‍കിയ വാഗ്‌ദാനംതന്നെ.

അവിടുന്ന്‌ അതു യാക്കോബിന്‌ ഒരു ചട്ടമായും ഇസ്രായേലിനു ശാശ്വതമായ ഒരുഉടമ്പടിയായും സ്‌ഥിരീകരിച്ചു.

അവിടുന്ന്‌ അരുളിച്ചെയ്‌തു: നിനക്കുനിശ്‌ചയി ച്ചഓഹരിയായി ഞാന്‍ കാനാന്‍ദേശം നല്‍കും.

അന്ന്‌ അവര്‍ എണ്ണത്തില്‍ കുറഞ്ഞവരുംനിസ്‌സാരരും അവിടെ പരദേശികളും ആയിരുന്നു.

അവര്‍ ജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ അലഞ്ഞുനടന്നു.

ആരും അവരെ പീഡിപ്പിക്കാന്‍ അവിടുന്നു സമ്മതിച്ചില്ല; അവരെപ്രതി അവിടുന്നു രാജാക്കന്‍മാരെ ശാസിച്ചു.

എന്റെ അഭിഷിക്‌തരെ തൊട്ടുപോകരുത്‌, എന്റെ പ്രവാചകര്‍ക്ക്‌ ഒരുപദ്രവും ചെയ്യരുത്‌ എന്ന്‌ അവിടുന്ന്‌ ആജ്‌ഞാപിച്ചു.

അവിടുന്നു നാട്ടില്‍ ക്‌ഷാമം വരുത്തുകയും അപ്പമാകുന്നതാങ്ങു തകര്‍ത്തുകളയുകയും ചെയ്‌തു.

അപ്പോള്‍, അവര്‍ക്കു മുന്‍പായിഅവിടുന്ന്‌ ഒരുവനെ അയച്ചു; അടിമയായി വില്‍ക്കപ്പെട്ട ജോസഫിനെത്തന്നെ.

അവന്റെ കാലുകള്‍വിലങ്ങുകൊണ്ടു മുറിഞ്ഞു; അവന്റെ കഴുത്തില്‍ ഇരുമ്പുപട്ട മുറുകി.

അവന്‍ പ്രവചിച്ചതു സംഭവിക്കുവോളംകര്‍ത്താവിന്റെ വചനംഅവനെ പരീക്‌ഷിച്ചു.

രാജാവ്‌ അവനെ ആളയച്ചു വിടുവിച്ചു; ജനതകളുടെ അധിപന്‍ അവനെ സ്വതന്ത്രനാക്കി.

തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ ഭരണാധിപനുമായി അവനെ നിയമിച്ചു.

തന്റെ പ്രഭുക്കന്‍മാര്‍ക്ക്‌ ഉചിതമായശിക്‌ഷണം നല്‍കാനും തന്റെ ശ്രേഷ്‌ഠന്‍മാര്‍ക്കു ജ്‌ഞാനംഉപദേശിക്കാനും അവനെ നിയോഗിച്ചു.

അപ്പോള്‍ ഇസ്രായേല്‍ ഈജിപ്‌തിലേക്കു വന്നു; യാക്കോബു ഹാമിന്റെ ദേശത്തു ചെന്നുപാര്‍ത്തു.

ദൈവം തന്റെ ജനത്തെ സന്താനപുഷ്‌ടിയുള്ളവരാക്കി; തങ്ങളുടെ വൈരികളെക്കാള്‍ ശക്‌തരാക്കി.

തന്റെ ജനത്തെ വെറുക്കാനും തന്റെ ദാസരോടു കൗശലം കാണിക്കാനുംവേണ്ടിഅവിടുന്ന്‌ അവരെ പ്രേരിപ്പിച്ചു.

അവിടുന്നു തന്റെ ദാസനായ മോശയെയും താന്‍ തിരഞ്ഞെടുത്ത അഹറോനെയും അയച്ചു.

അവര്‍ അവരുടെ ഇടയില്‍ അവിടുത്തെഅടയാളങ്ങളും ഹാമിന്റെ ദേശത്ത്‌അദ്‌ഭുതങ്ങളും പ്രവര്‍ത്തിച്ചു.

അവിടുന്ന്‌ അന്‌ധകാരം അയച്ചുനാടിനെ ഇരുട്ടിലാക്കി; അവര്‍ അവിടുത്തെ വചനത്തെ എതിര്‍ത്തു.

അവിടുന്ന്‌ അവരുടെ ജലമെല്ലാം രക്‌തമാക്കി, അവരുടെ മത്‌സ്യങ്ങള്‍ ചത്തൊടുങ്ങി.

അവരുടെ നാട്ടില്‍ തവളകള്‍ നിറഞ്ഞു, അവരുടെ രാജാക്കന്‍മാരുടെ മണിയറകളില്‍പ്പോലും.

അവിടുന്നു കല്‍പിച്ചു; ഈച്ചകളും പേനും പറ്റമായിവന്ന്‌ അവരുടെനാട്ടിലെങ്ങും നിറഞ്ഞു.

അവിടുന്ന്‌ അവര്‍ക്കു മഴയ്‌ക്കുപകരംകന്‍മഴ കൊടുത്തു; അവരുടെ നാട്ടിലെല്ലാം മിന്നല്‍പിണര്‍ പാഞ്ഞു.

അവിടുന്ന്‌ അവരുടെ മുന്തിരിത്തോട്ടങ്ങളുംഅത്തിവൃക്‌ഷങ്ങളും തകര്‍ത്തു; അവരുടെ നാട്ടിലെ വൃക്‌ഷങ്ങള്‍ നശിപ്പിച്ചു.

അവിടുന്നു കല്‍പിച്ചപ്പോള്‍ വെട്ടുകിളികള്‍ വന്നു; സംഖ്യാതീതമായി അവ വന്നു.

അവ അവരുടെ നാട്ടിലെ സകല സസ്യങ്ങളും അവരുടെ വയലിലെ സകല വിളവുകളും തിന്നൊടുക്കി.

അവരുടെ നാട്ടിലെ കടിഞ്ഞൂലുകളെ, പൗരുഷത്തിന്റെ ആദ്യഫലങ്ങളെ,മുഴുവന്‍ അവിടുന്നു സംഹരിച്ചു.

അനന്തരം, അവിടുന്ന്‌ ഇസ്രായേലിനെസ്വര്‍ണത്തോടും വെള്ളിയോടുംകൂടെ മോചിപ്പിച്ചു നയിച്ചു; അവന്റെ ഗോത്രങ്ങളില്‍ ഒരുവനും കാലിടറിയില്ല.

അവര്‍ പുറപ്പെട്ടപ്പോള്‍ ഈജിപ്‌ത്‌സന്തോഷിച്ചു; എന്തെന്നാല്‍, അവരെപ്പറ്റിയുള്ള ഭീതിഅതിന്റെ മേല്‍ നിപതിച്ചിരുന്നു;

അവിടുന്ന്‌ അവര്‍ക്കു തണലിനുവേണ്ടിഒരു മേഘത്തെ വിരിച്ചു; രാത്രിയില്‍ പ്രകാശം നല്‍കാന്‍അഗ്‌നി ജ്വലിപ്പിച്ചു.

അവര്‍ ചോദിച്ചു; അവിടുന്ന്‌കാടപ്പക്‌ഷികളെ കൊടുത്തു; അവര്‍ക്കുവേണ്ടി ആകാശത്തുനിന്നുസമൃദ്‌ധമായി അപ്പം വര്‍ഷിച്ചു.

അവിടുന്നു പാറ തുറന്നു;വെള്ളം പൊട്ടിയൊഴുകി; അതു മരുഭൂമിയിലൂടെനദിപോലെ പ്രവഹിച്ചു.

എന്തെന്നാല്‍, അവിടുന്നു തന്റെ വിശുദ്‌ധവാഗ്‌ദാനത്തെയും തന്റെ ദാസനായ അബ്രാഹത്തെയും അനുസ്‌മരിച്ചു.

അവിടുന്ന്‌, തന്റെ ജനത്തെ സന്തോഷത്തോടെ, തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെഗാനാലാപത്തോടെ, നയിച്ചു.

അവിടുന്നു ജനതകളുടെ ദേശങ്ങള്‍അവര്‍ക്കു നല്‍കി; ജനതകളുടെ അധ്വാനത്തിന്റെഫലം അവര്‍ കൈയടക്കി.

അവര്‍ എന്നെന്നും തന്റെ ചട്ടങ്ങള്‍ ആദരിക്കാനും തന്റെ നിയമങ്ങള്‍ അനുസരിക്കാനുംവേണ്ടിത്തന്നെ.

കര്‍ത്താവിനെ സ്‌തുതിക്കുവിന്‍!


116

ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു, എന്റെ പ്രാര്‍ഥനയുടെ സ്വരംഅവിടുന്നു ശ്രവിച്ചു.

അവിടുന്ന്‌ എനിക്കു ചെവിചായിച്ചുതന്നു, ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്‌ഷിക്കും.

മരണക്കെണി എന്നെ വലയംചെയ്‌തു; പാതാളപാശങ്ങള്‍ എന്നെ ചുറ്റി; ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു.

ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിച്ചു;കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു; എന്റെ ജീവന്‍ രക്‌ഷിക്കണമേ!

കര്‍ത്താവു കരുണാമയനും നീതിമാനും ആണ്‌; നമ്മുടെ ദൈവം കൃപാലുവാണ്‌.

എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു; ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന്‌എന്നെ രക്‌ഷിച്ചു.

എന്റെ ആത്‌മാവേ, നീ ശാന്തിയിലേക്കു മടങ്ങുക; കര്‍ത്താവു നിന്റെ മേല്‍ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു.

അവിടുന്ന്‌ എന്റെ പ്രാണനെ മരണത്തില്‍ നിന്നും ദൃഷ്‌ടികളെ കണ്ണീരില്‍നിന്നും കാലുകളെ ഇടര്‍ച്ചയില്‍നിന്നുംമോചിപ്പിച്ചിരിക്കുന്നു.

ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.

ഞാന്‍ കൊടിയ ദുരിതത്തിലകപ്പെട്ടു എന്നു പറഞ്ഞപ്പോഴും ഞാനെന്റെ വിശ്വാസംകാത്തുസൂക്‌ഷിച്ചു.

മനുഷ്യരെല്ലാവരും വഞ്ചകരാണെന്നുപരിഭ്രാന്തനായ ഞാന്‍ പറഞ്ഞു.

കര്‍ത്താവ്‌ എന്റെ മേല്‍ ചൊരിഞ്ഞഅനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തുപകരംകൊടുക്കും?

ഞാന്‍ രക്‌ഷയുടെ പാനപാത്രമുയര്‍ത്തികര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കും.

അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.

തന്റെ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌.

കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്‌; അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനുംതന്നെ; അവിടുന്ന്‌ എന്റെ ബന്‌ധനങ്ങള്‍ തകര്‍ത്തു.

ഞാന്‍ അങ്ങേക്കു കൃതജ്‌ഞതാബലിഅര്‍പ്പിക്കും; ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കും.

അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.

കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണത്തില്‍, ജറുസലെമേ, നിന്റെ മധ്യത്തില്‍ത്തന്നെ, കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.


Select By Category

Show more